Monday, May 27, 2013

തണൽ മരം !!!



ഓ നിന്നിലേക്ക് ആഴ്ന്നിറങ്ങുന്ന 
എന്റെ വാക്കുകളെ .....
വേര് കനച്ചു, ഒരു ആൽ  മരമായി 
നിന്റെ ഹൃദയത്തിലത് വളരട്ടെ,
അതിന്റെ ചില്ലകളിൽ 
എന്റെ ഒരുപാടു സ്വപനങ്ങൾ 
കൂട് കൂട്ടുകയും,
എന്നിലെ കുയിലുകൾ 
ഗാനമുതിർക്കുകയും ചെയ്യട്ടെ ,
നമ്മുടെ ചുണ്ടുകൾക്കിടയിലെ 
വഴു വഴുപ്പ് ആ മരത്തിനു 
വെള്ളവും വളവുമായി മാറട്ടെ ,
ഒടുവിലൊരു സ്വാർത്ഥ കൊടുങ്കാറ്റിൽ 
വേരറ്റു വീണുപോകും വരെയെങ്കിലും 
നിന്റെ ഏക തണൽ മരം 
ഞാൻ മാത്രമാവട്ടെ.........
ഞാൻ മാത്രം  !!!!

Sunday, May 26, 2013

അധര്‍മ്മം !!!

അകലേയ്ക്ക് പറന്നു മറയുന്നൊരു
പക്ഷിയെ നോക്കി ,
അകലരുതെന്നു പറയാന്‍ നീ ആര് ?
ചിറകുകളില്ലാത്തവന്റെ
അതിരുകള്‍ ലഘിക്കാന്‍,
പക്ഷമോടിഞ്ഞൊരു
പക്ഷി  പോലുമല്ലാത്തവന്റെ
പരാജിത ശ്രമങ്ങളില്‍,
നിരന്തരമുയരുന്ന പരിഭവങ്ങള്‍ ,പരാതികളില്‍
ചെവികൊടുക്കാന്‍  കഴിയാതെ
അനാഥമായൊരു
ആകാശ സീമയിലെ
അനന്ത പര്‍വ്വമേ......
നിന്റെ പേരാണോ
അധര്‍മ്മം  !!!

Thursday, May 23, 2013

നിന്നിലേക്ക്‌ !!!

നിന്റെ വിളിക്ക് കാതോർത്തു 
ഒരു എതിർ പാട്ടിനു കൊതിക്കുന്ന
കുയിലിനെ നീ കാണുന്നില്ലേ ....

നിന്റെ വരൾച്ചയിൽ 
പെയ്തു നിറയാൻ കൊതിക്കുന്നൊരു 
മേഘശകലത്തെ നീ നോക്കത്തതെന്തു ?

വെറുതെ എന്ന് വീമ്പിളക്കി 
നീ 
കോറിയ വരികളിൽ 
നിന്റെ ഹൃദയമുണ്ടെന്നു 
നീ അറിയാതെ അറിഞ്ഞ 
നിന്നിലെ സത്വം ഉണ്ടെന്നു 
വിശ്വസിക്കാത്തതെന്തു ??

നിന്നിലേക്ക്‌ എത്താനുള്ള വഴി !!!

നിന്നിലേക്ക്‌ എത്താനുള്ള വഴിയാണ് 
ഞാൻ തിരയുന്നത് .............

എത്തിയിട്ടും ഇറങ്ങി പോരേണ്ടി വന്നവന്റെ ,
പാതി വഴിക്കു തിരിഞ്ഞുനടക്കേണ്ടി വന്നവന്റെ, 
വഴിയേറെ നടന്നിട്ടും വഴി തെറ്റി അലഞ്ഞവന്റെ 
വരളുന്ന മനസ് അങ്ങിനെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു 
ഇനിയുമേത്തെണ്ട നിന്റെ ഹൃദയ വരമ്പ് തേടി.......

കാലം കവർന്ന എന്റെ കാഴ്ചയിലും 
രോഗം കനിഞ്ഞ എന്റെ മറവിയിലും
ഇന്നും നിന്നിലേക്ക്‌ എത്താനുള്ള വഴിയാണ് 
ഞാൻ തിരയുന്നത് .............
നിന്നിലേക്ക്‌ എത്താനുള്ള വഴി !!!

എന്റെ ഹൃദയം !!!

നിന്റെ മിന്നലുകൾ എന്റെ ഹൃദയം തകർക്കുന്നു 
അതിന്റെ  ഗർജ്ജനങ്ങൽ എൻ മിഴിയിൽ മഴ തുള്ളികൾ ആയി 
ഒഴുകിയിറങ്ങുന്നു ...............!!!

എന്റെ വഴികളിൽ നിന്റെ ഓർമ്മകൾ 
ചെളി വെള്ളമായി പിന്തുടരുന്നു ,
എന്റെ മൊഴികൾ നിന്റെ മഴ നീര് കുടിച്ചു 
മൌനമായി വറ്റി വരളുന്നു ..........

മുറിവേറ്റവൻ !!!

ഞാന്‍ പോലുമറിയാതെ എന്നിലേക്ക്‌
വന്നവനാണ് നീ ,
നിന്റെ നിശബ്ദത എന്നെ ചുട്ടു പൊള്ളിക്കുന്നു ...
അതിലെ നേര്‍ത്ത നോവുള്ള ചില  ഓര്‍മ്മകള്‍
എന്നെ വേട്ടയാടുന്നു ......
നീ പറഞ്ഞു പരിഭവിച്ച ചില വാക്കുകള്‍,
വേടന്‍ മുറിവേല്‍പ്പിച്ചു
ഇരയെ മരിക്കാന്‍ സ്വയം ഉപേക്ഷിച്ചു
കടന്നു പോകുന്നതു  പോലെ
എന്റെ ചങ്ക് തകര്‍ക്കുന്നു .....!!!

വിളക്കിനായ് കാത്തുനിൽക്കുന്നവൻ !!!

എന്റെ യാത്രയിൽ ഏതോ വഴിയോരത്ത് 
വിളക്കുമേന്തി നിന്നവനാണ് നീ സുഹുർത്തെ ,
വെളിച്ചമാണ് നാം പങ്കുവച്ചത് ,
വേനലിലും മഴയിലും ഒരു കുടയിൽ 
ഒരുമിച്ചു നടന്നൊരു  ചിരിയിൽ അമർന്നു ....
ഒരു വസന്തം കടന്നൊരു വനവും കടന്ന് 
ആ ചിരിയിലോളിപ്പിച്ച 
നമ്മുടെ കണ്ണീരു കുടഞ്ഞു , 
തോളോട് തോളിൽ ചേർന്ന് 
സൌഹൃദത്തിന്റെ ചൂടിൽ 
നടന്ന വഴിയിലെവിടെയോ 
കാലിടറി വീണുപോയിട്ടും 
വീണ്ടും ഒരു യാത്രയ്ക്കു 
കൂട്ടായി നീ വരുമെന്ന തോന്നലിൽ 
വിളക്കിനായ് കാത്തുനില്ക്കയാണ് 
ഞാൻ ഇവിടെ .......................!!!!

വയലറ്റ് പൂവിനോട് !!!




വസന്തം വളർത്തിയ വയലറ്റ് പൂവിനോട് 
വിടരുന്തോറും  വികാരമുണർത്തുന്ന 
ശലഭങ്ങളെ ...........
വെളിച്ചം കടന്നു,വെയിൽ മൂക്കുമ്പോൾ 
വേനലിനോട് മല്ലിട്ട് 
വെറുമൊരു വടക്കൻ കാറ്റിൽ 
വീണുപോവുന്ന പൂവിനെയോർത്ത് 
വിരഹം വിതുമ്പുന്ന
ചിത്രശലഭങ്ങളെ .............
നാളെ വസന്തം വിടവാങ്ങുമ്പോൾ 
നിങ്ങളിൽ ആരെങ്കിലും ഓർക്കുമോ 
ഈ കുഞ്ഞു വയലറ്റ് പൂവിനെ ??

കറുത്ത പെണ്ണ് !!!

ആ കണ്ണുകളിൽ കനലുണ്ട് 
കാത്തിരിപ്പിന്റെ,
കരളലിയിക്കുന്നൊരു 
കഥയുണ്ട്.......

കാണാകൊമ്പിൽ കാത്തു സൂക്ഷിച്ച 
കാമത്തിന്റെ കൈപ്പുണ്ട്,
കാലം കടഞ്ഞെടുത്ത 
കറുത്ത പ്രണയത്തിന്റെ 
കടലുണ്ട് .......... 

കാടും മേടും കടന്നെത്തിയ 
ക്ലേശം കലർന്നൊരു മനസുണ്ട് ,

കാക്ക കരയുന്നതും കാത്തു
വിരുന്നുകാരനായ് തന്നെ വിളിച്ചു  
കൊണ്ടുവരാൻ വരുന്ന 
കണവനെ കൊതിക്കുന്നൊരു 
കറുത്ത പെണ്ണുണ്ട് !!!

പിൻവിളി !!!

നിന്റെ വിളി കേൾക്കാനാണ്‌ ഞാൻ കാത്തിരുന്നത്,
എന്നേ കരുതിവച്ചതാണ് അതിനുള്ള പിൻവിളി,
എന്നിട്ടും ഒരു കാതം അകലെ എത്തിയിട്ടും പോലും 
നീ വിളിക്കാതെ പോയതോ അതോ ഞാൻ കേൾക്കാതെ പോയതോ ?? 

എന്റെ കോട്ട വാതിൽ !!!

എന്റെ കോട്ട വാതിൽ നീ തള്ളി തുറന്ന അന്ന് മുതൽ ,
ഹൃദയ വാതായനങ്ങൾ മലർക്കെ ഞാൻ തുറന്നിട്ടിരിക്കുകയാണ്‌ .....
അസമയത്തോ അതി രാവിലെയോ ഞാൻ  ഉറങ്ങുമ്പോഴോ 
നീ വന്നാൽ മടങ്ങിപോവാതിരിക്കാൻ !!!! 

നിന്റെ വിളി കേള്‍ക്കാനായ് !!!

നിന്റെ വിളി കേള്‍ക്കാനായ്
തുറക്കാത്ത വാതായനങ്ങള്‍ ഇല്ല,
കാതുകൂര്‍പ്പിക്കാത്ത ചുവരുകളില്ല,
എന്നിട്ടും ഒരുപാടു സന്ധ്യകള്‍
പടികടന്നു പോയി .....
രാവിനെ വിഴുങ്ങി പകലുകള്‍
പലതു പുലര്‍ന്നിട്ടും
പാതി അടഞ്ഞ മിഴിയുമായി
നിന്റെ ഒരു വാക്കിനായി
വെന്തുരുകുന്ന മനസിന്റെ
വിങ്ങല്‍ മാത്രം വെമ്പി
നില്‍ക്കുന്നതെന്തിനു !!!

മഴയാണ് പോലും മഴ !!!

മഴയാണ് പോലും ,
മനസ്സില്‍ ഒരു തുള്ളി പെയ്ത്തില്ലാത്ത 
മന്ദമാരുതനോ മാരിവില്ലോ
മന്ദഹസിക്കാന്‍ ഒരു മിന്നലോ
മോഹിപ്പിച്ചു മൂളുവാന്‍
ഒരു മഴ പക്ഷിപോലുമില്ലാത്ത
മകര മഞ്ഞിന്റെ കുളിരില്ലാത്ത
മഴ ...........................
മഴയാണ് പോലും മഴ !!!

നിന്റെ ലോകം !!!

വെള്ളിമേഘങ്ങള്‍ കീറി വരുന്ന
വെന്‍ നിലാവാണ്‌ നീയെങ്കില്‍,
ചുരുണ്ടുകൂടിയുരുമ്മി പോകുന്ന
ഒരു കെട്ടു മേഘ പഞ്ഞിയായോ
രാവേറെ വൈകിയിട്ടും തിളങ്ങി
നില്ക്കാന്‍ കൊതികുന്നൊരു
കൊച്ചു താരകമായോ
നിന്റെ ലോകത്ത് ചുറ്റിപറ്റി നില്ക്കാന്‍ ഒരു മോഹം......

സൌഹൃദമേ !!!

ജീവിത യാത്രയിൽ
നീളുന്ന വീഥിയിൽ 
കണ്ടുമുട്ടി ഒരായിരം 
ചിരികൾ .....
ഇടയ്ക്ക് എവിടെയോ വച്ച് 
ചില ചിരികൾ കൊഴിഞ്ഞു വീണു ...
ചിലത് കണ്ണീരായി രൂപാന്തരം പ്രാപിച്ചു ...
മറ്റു ചിലത് ഉറപ്പുള്ള ഊന്നുവടിയായി മാറി ,
വേറെ ഒരു കൂട്ടം വഴിയിൽ 
തട്ടി വീഴ്ത്താൻ പോന്ന 
കല്ലുകളും 
മുട്ടുകൾ മുറിയാൻ പാകത്തിലുള്ള 
മുള്ളുകളും ആയി മാറി ....

തനിച്ചു തുടങ്ങിയ യാത്ര 
അവസാനിക്കുന്നിടം തനിച്ചാകും എന്നാണ് 
ജീവിതം പഠിപ്പിച്ചത് ,
എങ്കിലും കൂറെ വഴികൾ ഓർമ്മിക്കുന്നത്‌ 
ഇരുവശവും നല്കിയ ദ്രിശ്യ മേളങ്ങളുടെ 
വശ്യ ഭംഗിയോർത്തല്ല 
മറിച്ചു ചില പുഞ്ചിരികൾ 
സമ്മാനിച്ച നല്ല കാലം ഓർത്താണ് .....

സൌഹൃദമേ നീ എന്നിലേക്ക്‌ വന്ന വഴിയും 
കൂടെ നടന്ന പാതകളും, വേർപിരിഞ്ഞ 
വീഥികളും മനോഹരം !!!!

സുഖദുഖങ്ങൽ !!!

വാ പിളർന്നു വിഴുങ്ങാൻ വരുന്ന 
ആകുലതകളെ നോക്കി 
ഭയവിഹ്വലമാകുന്ന മനസ് ...

ഓടി ഒളിക്കാൻ ശ്രമിക്കുമ്പോഴും 
സത്യത്തെ നേരിടാൻ 
മനപ്പൂർവം മറക്കുന്ന മനുഷ്യർ .....

കാറ്റിന്റെ താണ്ഡവത്തിൽ 
മുഖത്തടിച്ചു പോകുന്ന ചാറ്റൽ മഴകൾ...

സൂര്യകോപമേറ്റ് വിയർത്തു 
വിതുമ്പുന്ന ശരീരം......

തണുത്തുറഞ്ഞു താളം 
നഷ്ട്ടപെട്ട ആത്മാവ് .....

ജീവിത പ്രഹേളികയിലെ 
ചില മാസ്മരിക നിമിഷങ്ങൾ .....

ഇവയെല്ലാം ഓർമ്മപെടുതുന്നത്‌ 
ജീവിതം തന്നെ .....
നാം മെനഞ്ഞെടുക്കേണ്ട  
നമ്മുടെ സന്തോഷങ്ങൾ,
കളി മണ്ണ് കൊണ്ട് നാം തീർക്കുന്ന 
കുശവന്റെ വക്കുപൊട്ടിയ കലം 
പോലെ ദുഃഖങ്ങൾ ......

നിന്റെ സുഖദുഖങ്ങൽ നിന്നെ ആശ്രയിച്ചുതന്നെ ....!!!!!

നിന്റെ അടുത്ത വരവിനായ്‌ !!!!

ഓ  ദൈവമേ,
നീ എന്റെ ആത്മാവിനെ സ്പർശിക്കുമ്പോൾ 
എന്റെ കോട്ട വാതിലുകൾ മലർക്കെ 
തുറന്നു പോവുകയും,
കിളി വാതിലുകൾ എല്ലാം തന്നെ  നിന്നിലേക്ക്‌ 
എത്തി നോക്കപെടുകയും  ചെയ്തുപോകുന്നു....
ധൃതിയിൽ  രാജാവിനെ പോലെ ഇരച്ചു നീ വരികയും 
ഒരു കള്ളനെ പോലെ എന്റെ  അകവും പുറവും 
പരിശോധിക്കുകയും ചെയ്യുന്നു ......
ഒടുവിൽ "നിന്നെ എനിക്ക് വേണം "
എന്നൊരു വാക്ക് എന്റെ പീഠത്തിൽ  
കൊളുത്തിവച്ച് ,
എന്റെ കോട്ടയിൽ വെളിച്ചത്തിന്റെ ഉറവിടം ഉണ്ടെന്നു 
കാണിച്ചു നീ മടങ്ങുന്നു.........
സ്നേഹത്തിന്റെ കനി ഭക്ഷിച്ച ആ ദിവസത്തിനു ശേഷം
ഇന്നു എന്റെ ദിനരാത്രങ്ങൾ  
നിന്റെ കാല്പാടുകൾ തേടി അലയുകയാണ്........

എന്റെ കോട്ട വാതിലുകൾ ഞാൻ എടുത്തുമാറ്റിയിരിക്കുന്നു 
നിന്റെ അടുത്ത വരവിനായ്‌ !!!!

ആ രാത്രി !!!

നക്ഷത്രങ്ങൾ കണ്ണ് ചിമ്മുന്ന രാത്രിയിൽ ആണ് 
നാം തമ്മിൽ ആദ്യമായ് കണ്ടുമുട്ടിയത്‌ ....
നമ്മിലെ അപരിചിതത്വം ആ രാവിന്റെ  സൌന്ദര്യം 
നഷ്ട്ടപെടുത്തിയിരുന്നു ........
പിന്നീടു എത്രയെത്ര  നിലാവുള്ള 
നക്ഷത്ര ശോഭയുള്ള രജനികൾ
കുളിരു നല്കി,കുസൃതി കാട്ടി  
നമ്മുക്കിടയിൽ കടന്നുപോയി 
എന്നിട്ടും ..........
ആ രാത്രി മാത്രം മായാതെ മറയാതെ 
മനസിന്റെ മടിത്തട്ടിൽ മയങ്ങാതെ 
മടിപിടിച്ചിരിക്കുന്നു
ഉറങ്ങില്ലെന്ന വാശിയോടെ......:))

നീതി !!!

വഴി തെറ്റി എന്ന് മനസിലാക്കിയാൽ 
തിരിച്ചു നടക്കണം .....
വീണു പോയി എന്ന് തോന്നുകയാണെങ്കിൽ 
എഴുന്നേൽക്കാൻ ശ്രമിക്കണം ....
നുണ പറഞ്ഞു എന്ന് തോന്നിയാൽ 
സത്യത്തിനെ കൂട്ടുപിടിക്കണം....
നീ നീയല്ല എന്ന് തോന്നിതുടങ്ങിയാൽ 
നിന്നോടെങ്കിലും നീതി പുലർത്താൻ  ശ്രമിക്കണം  !!!!

പിരിയുന്നു നാം !!!!

പിണക്കങ്ങൾ ഇല്ലാതെ 
ഇണക്കങ്ങൾ ഇല്ലാതെ 
പിൻവിളി കേൾക്കാൻ 
കാത്തുനിൽക്കാതെ,
ഇരുവശവും തമ്മിൽ 
ഇടയ്ക്കുപോലും 
കൂട്ടിമുട്ടാതത്രയും ദൂരം 
പിരിഞ്ഞു പോകുന്നു നമ്മൾ...
പിരിയാനായ്  കണ്ടുമുട്ടിയ 
സതീര്‍ത്ഥ്യര്‍ നമ്മൾ 
ഇരുകൈകളും കോർത്ത്‌ നടന്ന 
യാത്രയ്ക്കൊടുവിൽ 
ഇടത്താവളത്തിലെ 
നല്ല ഓർമ്മകളുമായി 

പിരിയുന്നു നാം  !!!!

എന്റെ അഭിലാഷം !!!

നിന്റെ ഹൃദയത്തെ നോക്കാനാണ്, 
ആ ആത്മാവിൽ തൊടാനാണ് 
എനിക്കിഷ്ട്ടം......
പരാതികൾ കേൾക്കാനാണ്‌ 
പരിഭവങ്ങൾ പറയാനാണ് 
അതിലേറെ  ഇഷ്ട്ടം ......... 
വാക്കുകൾക്ക് വേണ്ടി
പരതുമ്പോൾ 
നിന്റെ ചുണ്ടുകളെ
എന്റെ ചുണ്ടുകളിലേക്ക്‌ ചേർത്ത് 
സംസാരിക്കാനാണ് എന്റെ അഭിലാഷം ...
.!!!!

മൌനം !!!

നമ്മുക്കിടയിലെ ദൂരങ്ങൾ 
വ്യർത്ഥമോഹങ്ങളില്ലാതെ 
വീണുപോയ  ചില വാക്കുകളിൽ 
സ്വയം ചുരുങ്ങി ചെറുതാകുമ്പോഴും,
മൌനം നമ്മെ വീണ്ടും വീണ്ടും 
അകലേയ്ക്ക് ആട്ടിയോടിച്ചുകൊണ്ടിരിക്കുന്നു......... !

തിരികെ കൊടുക്കേണ്ട ബന്ധങ്ങള്‍ !!!

ചില സ്വപ്‌നങ്ങൾ പറയാതെ പോകണം
ചില ആഗ്രഹങ്ങൾ അറിയാതെ പോകണം
അർഹിക്കാതെ കളഞ്ഞു കിട്ടിയ
ആയിരത്തിന്റെ നോട്ടുപോലെയാണ്
ചില കണ്ടുമുട്ടലുകള്‍ .....
ആദ്യത്തെ മാസ്മരിക നിമിഷത്തിനു ശേഷം
സ്വന്തമല്ലെന്ന തിരിച്ചറിവിൽ
തിരികെ കൊടുക്കേണ്ട ബന്ധങ്ങള്‍ !!!

വിരണ്ടോടുന്ന മനസ് !!!

നിന്റെ ഭയം എന്നും നിന്നോട് തന്നെയാണ് 
എന്നിലേക്ക്‌ വഴുതി വീഴുമോ എന്നു 
ശങ്കിച്ച് വിരണ്ടോടുന്ന നിന്റെ -
മനസിനെ വിട്ടു തരാനല്ലാതെ 
മറ്റൊന്നിനും എനിക്കാവില്ല !!!

മഴേ, നിന്റെ മത്സരം

മഴേ, നിന്റെ മത്സരം
എന്റെ കണ്ണുനീരുമായാണ് ..
നീ ആർത്തലച്ചു കരഞ്ഞാലും 
കൈകൊട്ടി വിളിച്ചാലും 
ആക്രോശത്തൽ  ആർത്തിരമ്പിയാലും 
എന്റെ ഇഷ്ട്ടതിനു പെയ്തുനിറയാൻ 
ഒടുവിൽ ഈ കണ്ണുനീര് മാത്രം !!!!

ദൈവമേ നിന്റെ സ്നേഹത്തിൽ നിന്ന്

ദൈവമേ നിന്റെ സ്നേഹത്തിൽ നിന്നു 
എന്നെ ഒന്നിനും പറിച്ചു മാറ്റാൻ കഴിയാതിരിക്കട്ടെ, 
അവശതകളിൽ നിന്റെ അവർണ്ണനീയമായ ദാനങ്ങൾ 
ആഹ്ലാദം പകരുകയും എന്റെ നെടുവീർപ്പുകൾ 
നിന്നിലേക്കുള്ള,
നിന്റെ നേരിലെക്കുള്ള വഴികളുമാവട്ടെ ....
ഞാൻ അവിടെ നിരന്തരം യാത്ര ചെയ്യുകയും
ഉണരുമ്പോൾ ഉത്സാഹത്തോടെ നിന്റെ നാമം വിളിച്ചപെക്ഷികുകയും  
വീഴുമ്പോൾ നിന്റെ കരങ്ങളിൽ അഭയം കണ്ടെത്തുകയും 
ഓടുമ്പോൾ നിന്റെ ശക്തിയിൽ വേഗത പ്രാപിക്കുകയും
ഉറങ്ങുമ്പോൾ നിന്റെ മടിയിൽ അനുഗ്രഹിക്കപെടുകയും ചെയ്യട്ടെ !

ദൈവമേ നിന്റെ സ്നേഹത്തിൽ നിന്ന് 
ഒരിക്കലും എന്നെ അകറ്റരുതെ ..............!!!!!

നമ്മൾ പരസ്പരം !!!

എന്റെ ചെവികളെ ഞാൻ ഒന്നും  കേൾക്കാത്ത വിധം
ബധിരനാക്കിയിരുന്നു, 
നിന്റെ കണ്ണുകളെ ഒന്നും കാണാത്തവിധം 
നീ അന്ധയുമാക്കി!
വികലമായ മനസോടെ നമ്മൾ പരസ്പരം 
കാണാതെ കേൾക്കാതെ  കടന്നുപോയി.......
ഇനി ഒരിക്കലും അറിയാൻ സാധ്യതയില്ലാത്ത 
ശ്രവണ ദ്രിശ്യ വിസ്മയങ്ങളെ 
വിദൂരതയിലാക്കി !!!!! 

തരിശു ഭൂമിയിലെ നിലവിളികൾ !!!

നിന്റെ നെഞ്ചിടിപ്പ് എനിക്ക് ഇവിടെ കേൾക്കാം  
അരണ്ട വെളിച്ചത്തിൽ ഭയന്നോടുന്ന നിന്റെ മിഴികൾ -
പാതി വാക്കുകളിൽ കുരുങ്ങി വരളുന്ന  
നിന്നിലെ ജലാംശങ്ങൾ... 
നമുക്കിടയിൽ  കുഴിച്ചുമൂടിയ സത്യത്തിന്റെ 
തരിശു ഭൂമിയിലെ നിലവിളികൾ 
എല്ലാം ഞാൻ അറിയുന്നുണ്ട്  !!!! 

നമ്മിലെ വേർതിരിവ്‌ !!!

നമ്മുക്കിടയിലെ  വ്യത്യസ്തതകൽ  ആണ് 
നിന്നെ എന്നിലേക്കും എന്നെ നിന്നിലെക്കും 
ആകർഷിച്ചത്,എന്നിട്ടും 
മുറിച്ചു മാറ്റിയ വഴികളിലൂടെ
പിരിഞ്ഞുപോവുന്ന രാവുകൾ
ബാക്കിവെച്ചത് ചില
ഓർമ്മപെടുതലുകൾ 
മാത്രമെന്നതാണ് ഇപ്പോൾ നമ്മിലെ വേർതിരിവ്‌

തിരിച്ചറിവ് !!!

നീ നില്ക്കുന്ന ഭൂമിക്കു- 
ഞാൻ  ഒരു  ഭാരമായി 
എന്ന് തോന്നുന്ന നിമിഷം 
തിരിച്ചുപറന്നിരിക്കും, 
തിരികെ വരാത്ത കിനാവുകളെ പേറി 
തിരിച്ചറിവിന്റെ യാഥാര്ത്യങ്ങളിലേക്ക്.......... !!!

നിന്റെ ഹൃദയം ഒന്ന് കടം തരിക !

നിന്റെ ഹൃദയം ഒന്ന് കടം തരിക 
അതിനെ പരിശോധിക്കാൻ  അനുവദിക്കുക,
അതിലെ മുറിവുകൾ വെച്ചുകെട്ടാനോ 
ലേപനം പുരട്ടി ഉണക്കാനോ ഞാൻ 
ശ്രമിക്കില്ലെന്നുറപ്പു തരുന്നു മറിച്ചു,
നിന്റെ അറിയാത്ത കാരണങ്ങളുടെ 
അറിയുന്ന വേദനയെ അനുഭവിച്ചു 
തിരികെ തരുമ്പോൾ എനിക്കും പറയാമല്ലേ 
ആ വേദന ഞാൻ മനസിലാക്കുന്നു എന്ന് !!!!

സുഹുർത്ത് !!

നീളുന്ന ഈ വീഥിയിൽ 
നിന്നെ കൂടാതെ നടക്കുവാൻ മാത്രം 
നിർബന്ധിക്കരുതെന്നെ...
നീ അറിയാതെ നിന്നെ അറിയാതെ 
നടവഴികളിൽ കണ്ടുമുട്ടാൻ തക്ക- 
മറ്റൊരു സുഹുര്ത്തില്ലെനിക്ക് !!!!

ഓ എന്റെ ദൈവമേ !!!

ഓ എന്റെ ദൈവമേ,
നിന്നിലെയ്ക്ക് നടക്കുന്തോറും കുഴയുന്ന എന്റെ കാലുകൾ,
നീ എന്നിലേക്ക്‌ അടുക്കുന്തോറും നിലയ്ക്കാൻ വെമ്പുന്ന എന്റെ ഹൃദയം !!!  

മാപ്പാക്കണം പ്രേയസി.....

നിന്റെ കണ്ണുകളിൽ ഒരു തുള്ളി
കണ്ണീരിനു കാരണം ഞാനെങ്കിൽ,
നിന്റെ ചുണ്ടിലെ ചെറു
പുഞ്ചിരി മാഞ്ഞത്
എന്റെ നിഴലിലെങ്കിൽ,
മാപ്പാക്കണം പ്രേയസി.....
അറിഞ്ഞതല്ല, അറിയാതെ
ആഗ്രഹിക്കാതെ അടര്‍ന്നുപോയതാണ്.....


സ്നേഹത്തോടെ ജോ !!!

പ്രണയ മയിൽ‌പീലി !!!

മതിലുകള്‍ക്കും മനസുകള്‍ക്കുമപ്പുറം
മറന്നു വച്ചൊരു മയിൽപീലിയെ
മടങ്ങിവരുമ്പോൾ തിരികെയെടുക്കാമെന്ന 
വ്യാമോഹം മാത്രം മിച്ചം,
അവിടെന്നെന്‍റെ ഓര്‍മ്മകളില്ല
ഞാൻ കരുതിവെച്ച  സ്നേഹവുമില്ല 
എന്റെ പ്രണയ മയിൽ‌പീലി
എങ്ങോ അനാഥമായി പോയിരിക്കുന്നു....

പൊരുള്‍ !!!

പരസ്പരം കണ്ടുമുട്ടനാവാത്ത
രണ്ടു ധ്രുവങ്ങള്‍ ആണ് നമ്മള്‍,
അടുക്കും തോറും അകലുകയും
അകലും തോറും അറിയുകയും
ചെയ്യുന്ന വിരോധഭാസത്തിന്റെ
പൊരുള്‍ എന്താണെന്നു
മാത്രം എനിക്ക് മനസിലാവുന്നില്ല !!