Tuesday, February 19, 2013

ക്ലിയോപാട്ര :


 

ആ കണ്ണുകള്‍ കണ്ണീരൊഴുക്കിയവയല്ല
കനലുകള്‍ പോലെ കാമം വിതറി
സീസറിനെയും മാര്‍ക്ക്‌ അന്റോണിയെയും
പ്രണയ ശൈലങ്ങള്‍ കാട്ടികൊടുത്തവയാണ്,

കരളില്‍ കനിവല്ല മറിച്ചു
കാരിരുമ്പിന്റെ കട്ടിയുള്ള മനസുമായി
ജാര സന്തതിക്കായ്‌ അടരാടിയവള്‍
നിന്റെ പേരല്ലോ ക്ലിയോപാട്ര !

ചരിത്രത്തില്‍ നീയൊരു തേവിടിശ്ശിയാണ്
മാറ് നിറച്ച മാദകത്താല്‍ ഈജിപ്തിലേക്ക്
മാലോകരെ മയക്കികൊണ്ടുവന്ന
പെണ്ണഴക് !

കുശാഗ്രബുദ്ധിയുടെ കാര്‍വര്‍ണ്ണങ്ങള്‍ 

നിറച്ച കരളുള്ളവൾ,
ഒരു ജനതയെ സ്വന്തം നാടിനെതിരെ
തിരിച്ചു നിറുത്തിയവള്‍.

ലോകത്തെ തന്റെ കാല്‍കീഴില്‍
കൊണ്ടുവന്നവള്‍,
എന്നിട്ടും  നിന്നില്‍ ആരും കാണാതെപോയ
ഒരു മുഖമുണ്ട്,
ആരാലും അറിയാതെ പോയ ഒരു സ്ത്രീയുണ്ട് നിന്നില്‍ !

അച്ഛനില്ലാതെ ഒരു കുഞ്ഞിനു
ജന്മം നല്‍കേണ്ടി വന്നവള്‍..
വേളി കഴിക്കാതെ വിധവയായവള്‍,
രാജ്യത്തിനുവേണ്ടി ശരീരം വിറ്റവള്‍,
പരാജയത്തിനെ മരണം കൊണ്ടുജയിച്ചവള്‍ !

ക്ലിയോപാട്ര നീയൊരു അമ്മയായിരുന്നു,
പുത്രന്റെ രക്ഷയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ചവള്‍
ശത്രുവിന്റെ കയ്യിലകപെട്ടു മരിക്കുന്നതിനെക്കാള്‍ ധീരം
സ്വയം ബലികഴിക്കുന്നതെന്ന് ലോകത്തെ
പഠിപ്പിച്ചവള്‍ !

ക്ലിയോപാട്ര നിന്റെ കാമത്തെക്കാളും
കൌശലത്തെക്കാളും
നിന്നിലെ മാതൃത്വത്തെ ഞാന്‍ സ്നേഹിക്കുന്നു !!!

Sunday, February 10, 2013

കാവല്‍ മാലാഖ !!!



കൂടെ കൂടിയ മാലാഖയെ 
വഴി തെറ്റി വന്നവളെന്നു  നിനച്ചു 
വഴി തിരിച്ചു വിടാന്‍ ശ്രമിച്ച 
ഇടയ ബാലനാണ് ഞാന്‍,

വീഥികള്‍ പലതും 
തെളിച്ചു കൊടുത്തിട്ടും 
ഋതുക്കള്‍ പലകുറി മാറി മറിഞ്ഞിട്ടും 
അകലാതെ കൂടെ നടന്നവള്‍ ,
വഴി വിളക്കായി ഊന്നുവടിയായി 
കുന്നുകള്‍ കയറിയിറങ്ങി 
കുഞ്ഞു ചിറകുകള്‍ കൊണ്ടെന്റെ 
തണലായി,കുടയായി 
വെയിലിലും മഴയിലും 
കൂട പിറപ്പിനെ പോലെ തുണയായി,
ഈ ജന്മം മുഴുവനും 
കൂടെ നടന്നിട്ടും 
അറിഞ്ഞില്ല ഞാന്‍ 
നീ വഴിതെറ്റി വന്നവളല്ലെന്നും 
ദൈവം എനിക്കായ് അയച്ച 
കാവല്‍ മാലാഖയനെന്നും !


ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !